Shah Jahan's Photography's Fan Box

2009, മാർച്ച് 20, വെള്ളിയാഴ്‌ച

ഒരു അടിമയും കുറേ അബ്ദുള്ളമാരും

അതെ. ഒരു അടിമയും കുറേ അബ്ദുള്ളമാരും. കേട്ടാൽ പെട്ടെന്നു ഒർമ്മ വരിക വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയുടെ പേരാണ്, ‘ഒരു ഭഗവത്‌ഗീതയും പിന്നെ കുറേ മുലകളും‘. എന്നാൽ ആ കഥയുമായി ഈ പറയാൻ പോകുന്ന കഥയ്ക്കു കാര്യമായ ബന്ധമൊന്നുമില്ല. എന്നാലോ കഥാകാരനുമായി ചില ബന്ധങ്ങൾ ഉണ്ടു താനും.

സം‌ഗതിയിങ്ങനെ. ‘ബഷീറിന്റെ സമ്പൂർണ്ണ കൃതികൾ’ ഞാനും ഒരെണ്ണം വാങ്ങി. പണ്ട്, അതായതു പഠിച്ചുകൊണ്ടിരിക്കുമ്പോൾ അത്യാവശ്യം വായിക്കുമായിരുന്നു. ഇപ്പോൾ വളരെ കുറവ്, തീരെ ഇല്ലെന്നു തന്നെ പറയാം. എന്നാൽ, ഇഷ്ട കഥാകൃത്ത് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ.

അബുദാബിയിലെ കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഇൻഡൊ-അറബ് കൾച്ചർ ഫെസ്റ്റിവലിൽ ഞാനെടുത്ത കുറച്ചു കിളികളുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നതിനുള്ള ക്ഷണം കിട്ടി. കിട്ടിയ സന്ദർഭം മുതലെടുക്കാൻ ഞാനും തീരുമാനിച്ചു.

അങ്ങനെ, തിരഞ്ഞെടുത്ത ഒരു 60 ഫോട്ടോകളുമായി ഒരു വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കേരള സോഷ്യൽ സെന്ററിലെത്തി. ഫോട്ടോകൾ എല്ലാം ചുമരിൽ തൂക്കി. സമയം നാലു മണി. അഞ്ചരയ്ക്കായിരുന്നു എക്സിബിഷൻ ഉദ്ഘാടനം. താഴെ ഒരു ബുക്ക് സ്റ്റാൾ. ചെന്നു നോക്കുമ്പോൾ കാർട്ടൂണിസ്റ്റ് ടോംസ് അവിടെയിരിക്കുന്നു. അവിടെ നടന്നപ്പോൾ രണ്ടു ബുക്കുകൾ പെട്ടെന്നാണ് മനസ്സിൽ കയറിപ്പറ്റിയത്- ‘ബോബനും മോളിയും – തിരഞ്ഞെടുത്ത കാർട്ടൂണുകളും’ പിന്നെ സാക്ഷാൽ ‘വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂർണ്ണ കൃതികളും’. രണ്ടിന്റേയും ഓരോ കോപ്പി വാങ്ങി. ബോബനും മോളിയും ടോംസിനേക്കൊണ്ടു കൈയ്യൊപ്പും വാങ്ങിച്ചു വീട്ടിലേക്കു തിരിച്ചു.

വീട്ടിൽ ചെന്നപ്പോഴാണു സഹധർമ്മിണിയുടെ ചോദ്യം- ‘എന്താണിത്’? കാര്യം, ഭാര്യ മലയാളിയാണെങ്കിലും മലയാള ഭാഷ വലിയ വശമില്ല. പഠിച്ചതും വളർന്നതും മദിരാശിയിൽ. മലയാളം പറയും, എന്നാൽ പറയുന്നതു മലയാളമാണോ? സശയം. എഴുത്തും വായനയും തീരെ അറിയില്ല. കമ്പ്യൂട്ടറിൽ ബിരുദാന്തര ബിരുദം, പഠിച്ചതു മുഴുവൻ ഇംഗ്ലീഷിലും ഹിന്ദിയിലും. കുറേശ്ശെ തമിഴും അറിയാം. 

ചോദ്യത്തിനു മറുപടിയായി ബഷീറിന്റെ ഭാഷയിൽ തന്നെ മറുപടിയും കൊടുത്തു; “എടീ ബെടുകൂസ്! ഇതാണു ബഷീർ എന്ന മഹാനായ മലയാളം നോവലിസ്റ്റിന്റെ സമ്പൂർണ്ണ കൃതികൾ. അതായതു ‘The complete work of Basher the Great’!”

ആരാണീ ബഷീർ? ആ ചോദ്യം എന്റെ പുന്നാര ബീവി ചോദിച്ചില്ല. എന്നാൽ എന്റെ ബെടുക്കൂസിന്റെ മുഖത്ത് ആ ചോദ്യം നിഴലിച്ചിരുന്നു. ഞാൻ തുടർന്നു.
“കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കഥാകൃത്തുകളിൽ ഒരാൾ. അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയിരുന്നെങ്കിൽ ഒരു പക്ഷേ മറ്റൊരു ഷേക്സ്പിയർ ആയേനേ.”

തുടർന്നു ഒരു പത്തു മിനിറ്റോളം ബഷീറിന്റെ കഥകളുടെ ഒരു ആമുഖം ഞാൻ വിവരിച്ചു. ആനവാരിയും, പൊൻ‌കുരിശു തോമ്മായും, മണ്ടൻ മുത്തപ്പയും എന്നു വേണ്ട കുറെയധികം കഥാപാത്രങ്ങളെ പരിചയപ്പെടുത്തി.

അപ്പോ വരുന്നു അടുത്ത ചോദ്യം- “എങ്കിൽ, എനിക്കൊരു കഥ വായിച്ചു തരൂ”!

ഞാൻ ഒന്നു ഞെട്ടിയില്ലേ? സാമാന്യം മലയാളമറിയുന്ന എനിക്കുതന്നെ ബഷീറിന്റെ ചില വാക്കുകൾ മനസ്സിലാകുന്നില്ല. പിന്നെ ഞാനെങ്ങിനെ…! ന്യായമായ ചോദ്യമല്ലേ, ഞാനെതിരൊന്നും പറഞ്ഞില്ല.

അത്താഴം കഴിഞ്ഞു മക്കളേയും ഉറക്കി ഇതാ വരുന്നു എന്റെ ബടുക്കൂസ്.
“ഞാൻ റെഡി.”

ഏതു കഥ വായിച്ചു കേൾപ്പിക്കണം? അവസാനം രണ്ടും കല്പിച്ചു ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ എന്ന കഥ തിരഞ്ഞെടുത്തു.

പ്രശ്നം അവിടെയും തീർന്നില്ല. ഒരുപാടു ബുദ്ധിമുട്ടി ഞാൻ കഥ കേൾപ്പിച്ചുകൊണ്ടിരുന്നു. ഓരോ വാക്യവും വിവർത്തനം ചെയ്യണം. സംഗതി ഒരു ഗുലുമാലു പിടിച്ച പണി തന്നെ.

അപ്പോൾ വരുന്നു നഗ്നമായ ഒരു ചോദ്യം. സംഗതി താഴെ വിവരിക്കും പോലെ.

കുഞ്ഞുപാത്തുവിന്റെ വാപ്പയുടെ പേര് വട്ടനടിമ. ഇവിടെയാണു പ്രശ്നം. ഇത്രയും വലിയ തറവാട്ടിലെ കാരണവരുടെ പേര് ‘വട്ടനടിമ’?

അതെന്തു പേര്?

വട്ടനടിമയുടെ അർഥ,? അടിമ. വട്ടനടിമ. എനിക്കറിയില്ല. ഞാൻ പറഞ്ഞു, “വട്ടനടിമയുടെ അർഥം എനിക്കറിയില്ല. എന്നാൽ അടിമയുടെ അർഥം slave എന്നാകുന്നു”.

“slave എന്നോ? അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം blacksmith, carpenter തുടങ്ങിയ പേരുകൾ കേട്ടിട്ടുണ്ട്. എന്നാൽ അടിമ, ഞാൻ ആദ്യമായിട്ടു കേൾക്കുകയാ”.

“ഇതിലെന്താ ഇത്ര അതിശയം? തമിഴിൽ ഇതു മാതിരിയുള്ള ഒരുപാടു പേരുകൾ ഉണ്ട്. ഉദാഹരണത്തിന് വെള്ളച്ചാമി, കറുത്തമ്മ…"

"പക്ഷേ, അടിമ…”

“ഒരുപാടു പ്രശസ്തരായ അടിമകൾ ഈ ലോകത്തുണ്ട്. It’s a common name”

“ഞാൻ ഇതുവരെ കേട്ടിട്ടില്ല. ആരൊക്കെയാ ‘ഈ പ്രശസ്തർ’. ഒരു രണ്ടു പേരെക്കുറിച്ചു പറയാമോ?”

ഹും… ആലോചിച്ചിട്ട് ഒരു പേരും ഓർമ്മയിൽ വരുന്നില്ല. വലിയ കാര്യത്തിൽ തട്ടിവിട്ടു. എന്നിട്ട് ഒരെണ്ണത്തിന്റെ പേരുപോലും വായിൽ വരുന്നില്ല.!

കഷ്ടം. ഞാൻ എന്നോടുതന്നെ പറഞ്ഞു. “ചിന്തിക്കൂ”. അതാ വരുന്നു ഒരെണ്ണം. മുളമൂട്ടിൽ അടിമ. അദ്ദേഹം യാര്? പണ്ടെപ്പോഴോ സിനിമ കണ്ടിട്ടുണ്ട്. കഥയോർമ്മയില്ല. മോഹൻലാലാണു നായകൻ എന്നു മാത്രം ഓർമ്മയുണ്ട്. പക്ഷേ വിട്ടു കൊടുത്തില്ല-

“The great freedom fighter മുളമൂട്ടിൽ അടിമ.”

വിശ്വസിച്ചോ ആവോ? ബെടുക്കൂസിന്റെ മുഖത്തൊരു മന്ദഹാസം.

കഷ്ടിച്ചു രക്ഷപെട്ടു എന്നു കരുതിയിരിക്കുമ്പോൾ അതാ വരുന്നു അടുത്ത ചോദ്യം;

“എങ്കിൽ രണ്ടാമത്തെ slave ആരാകുന്നു?

വീണിതല്ലോ കിടക്കുന്നു ഭാര്യയുടെ മുൻപിൽ എന്നു പറഞ്ഞപോലെ…

ഞാൻ സ്വയം പറഞ്ഞു, “ചിന്തിക്കൂ”. ചിന്തിച്ചു. പക്ഷേ ഇപ്രാവശ്യം രക്ഷയില്ല. തോല്വി സമ്മതിക്കേണ്ടി വരുമോ? വീണ്ടും ചിന്തിച്ചു. ഒരെത്തും പിടിയും കിട്ടുന്നില്ല. തോൽ‌വി സമ്മതിക്കുക. അതാണുചിതം.

അപ്പോൾ അതാ വരുന്നു കുറേ അബ്ദുള്ളമാർ. ഞാൻ പറഞ്ഞു.

“സൗദിയിലെ രാജാവ് അബ്ദുള്ള. മുഹമ്മദ് നബിയുടെ പിതാവ് അബ്ദുള്ള.”

രണ്ടല്ല, മൂന്നു പേരുടെ പേരു പറഞ്ഞു. ബടുക്കൂസിന്റെ കണ്ണും മിഴിച്ചുള്ള ചോദ്യം-

“അബ്ദുള്ളയോ?”

“അതെ… അബ്ദുള്ള. അബ്ദു + അള്ളാഹ്, അതാണു അബ്ദുള്ള. അബ്ദു എന്ന അറബി വാക്കിന്റെ അർഥം അടിമ. അബ്ദുള്ള എന്നാൽ അള്ളാഹുവിന്റെ അടിമ. ഇവർ പ്രശസ്തരല്ലെന്നു പറയാമോ?”

തത്കാലം ജയം എനിക്ക്. ആകെ ഒരു പേടി മാത്രം. മുളമൂട്ടിൽ അടിമ എന്നത് ഒരു ചരിത്ര പുരുഷനോ? അതോ സാങ്കല്പികം മാത്രമോ? ഇനി യാഥാർഥ്യമെങ്കിൽ തന്നെ, അതാണോ ശരിക്കുമുള്ള പേര്?

എന്നാൽ ഈ ചോദ്യങ്ങൽ ഒന്നും തന്നെ ബെടുക്കൂസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. എല്ലാം സമ്മതിച്ചു തന്നു. ഞാൻ കഥ തുടർന്നു…

-ശുഭം-

4 അഭിപ്രായങ്ങൾ:

  1. വായിച്ചു കഴിയുമ്പോൾ ‘ഒരു ബഷീർ ലോകത്തുനിന്നും ഇറങ്ങുന്ന പ്രതീതി. ഭാഷയുടെ തനിമയും ലാളിത്യവും ഒക്കെ, താങ്കൾ ഒരു ബഷീർ അനുഭാവി തന്നെ എന്നു തെളിയിക്കുന്നു :) . നല്ല എഴുത്ത്. തിരഞ്ഞെടുത്ത തീം‘മും ഉഗ്രൻ! ഇനിയുമിനിയും എഴുതുക. ദൈവം അനുഗ്രഹിക്കട്ടെ !

    മറുപടിഇല്ലാതാക്കൂ